ഉറക്കമില്ലാത്ത
ഊട്ടി റോഡിനരികു ചേർന്നൊരു
വീടുണ്ടായിരുന്നു. മുറ്റവും തൊടിയും നിറയെ
മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞ
വീട്. മാവും പ്ലാവും,
പുളിയും തേക്കും, വാഴയും പപ്പായയും,
പിന്നെ മുരിങ്ങയും മഞ്ഞളും,
ചേമ്പും ചേനയും കണ്ടാലെരിയുന്ന
കാന്താരിയും പിന്നെയും കുറെ പൂക്കളും
ചെടികളുമൊക്കെ ഉണ്ടായിരുന്നു അവിടം. പക്ഷെ ഇത്
അവരുടെയൊന്നും കഥയല്ല., മുറ്റത്തു വടക്കേ
ഭാഗത്ത് തണൽപ്പന്തൽ വിരിച്ച ഉങ്ങും
അവനെ ചുറ്റി വരിഞ്ഞു
പടർന്ന മുല്ലവള്ളിയുടെയും കഥയാണ്.
പ്രണയം മൗനമാവുന്ന രാത്രികളിൽ, ഇരുട്ട് പുതച്ചുറക്കിയ മറ്റാരും
അറിയാതെ അവൾ ചെറുപുഞ്ചിരിയുമായി അവനിൽ
പൂക്കും. അരണ്ട മഞ്ഞവെളിച്ചം
തീർത്ത നിഴലുകൾ മറയാക്കി
ആ രാത്രികളവർ പ്രണയഭരിതമാക്കി.
ഒരു രാത്രിയോ അതിൽ
കുറവോ ദൈർഖ്യം മാത്രം
നീണ്ടു നിൽക്കുന്ന സ്നേഹസംഗമം.
അപ്പോഴേക്കും എവിടെനിന്നോ പറന്നെത്തുന്ന
കാറ്റവളുടെ ഞെട്ടറുത്തു താഴേക്ക് തള്ളിയിടും.
പാതി ഗന്ധവുമെടുത്തവൻ ദൂരേക്ക്
മായും. വിരഹമുള്ളിലൊളിപ്പിച്ചവൾ അപ്പോഴും
താഴെ ചിരിച്ചു കൊണ്ടേയിരിക്കും.
പാതി തുറന്ന കണ്ണുകളും ബാക്ക്ഗ്രൗണ്ടിൽ
റേഡിയോ വാർത്തയുമായി എണീറ്റു
വന്നിരുന്ന രാവിലേകളിലെ
മറ്റൊരു പതിവുകാഴ്ചയായിരുന്നു മുറ്റത്തു
പൂപെറുക്കുന്ന പെൺകുട്ടികൾ. മിക്കവരും
ട്യൂഷനോ അല്ലെങ്കിൽ മദ്രസയിലോട്ടോ പോവുന്നവർ
ആയിരിക്കും. ഏതെങ്കിലും വിശേഷദിവസങ്ങളുടെ
തലേന്ന് വൈകുന്നേരം ചില പെൺകുട്ടികൾ
വന്ന് മൊട്ടറുക്കാൻ അമ്മയോട്
അനുവാദം ചോദിച്ചിരുന്നു. സന്തോഷം പൊടുവണ്ണിയുടെ ഇലയിലോ
അല്ലേൽ പ്ലാസ്റ്റിക് കവറിലോ
ആക്കി അവർ മടങ്ങിയോടുമ്പോൾ
അമ്മയുടെ മനസ്സും ചിരിച്ചിരിക്കാം. തിരക്കിട്ട
കളിക്കിടയിൽ അന്നത് ശ്രദ്ധിച്ചിരുന്നില്ല. പെൺകുട്ടികളിൽ
ഇത്രയേറെ കൗതുകവും
ഇഷ്ടവും പരത്തുന്ന പൂവായിട്ട് കൂടി
അന്നൊന്നും ഒരു കൂട്ടുകാരിക്കും
പൂവുകളുറുത്തു സമ്മാനിക്കാൻ
തോന്നാഞ്ഞതെന്തെന്ന് എനിക്കിപ്പോഴും പിടികിട്ടുന്നില്ല.
ആ രാത്രികൾക്കൊക്കെ മുല്ലയുടെ മണമായിരുന്നു. നൂറു
വോൾട്ടിന്റെ മഞ്ഞ വെളിച്ചം
പരന്ന ആ മുറ്റത്തിരുന്ന്
വായിക്കാൻ ഇഷ്ടമായിരുന്നെങ്കിലും വൈകീട്ട് നാമം ജപിച്ചു
കഴിഞ്ഞാൽ പിന്നെ മുറ്റത്തേക്കിറങ്ങാൻ വിലക്കായിരുന്നു.
മുല്ല പൂക്കുന്ന സമയമാണ്,
പാമ്പുകൾ വരുമെന്ന് പറഞ്ഞ് പേടിപ്പിക്കാൻ
അച്ഛനും അമ്മയും ഇടക്കിടക്ക് ഓർത്തിരുന്നു.(
ആ പേടി ഇപ്പോഴുമുണ്ട്)
അത് പക്ഷെ സത്യമായിരുന്നെന്ന്
മൂന്നാലു പ്രാവശ്യം കണ്ണുകൾ മനസ്സിലാക്കി
തന്നതാണ്. പകുതി പോലും
പണി തീരാത്ത ആ
കരിങ്കൽ മതിലിനുള്ളിലേക്ക് ഓടി മറയാൻ
അവക്കും എളുപ്പമായിരുന്നു. സിനിമയിലൊക്കെ കണ്ടുശീലിച്ച മുല്ലപ്പൂ വിതറിയ
ആദ്യരാത്രി രംഗങ്ങൾ കണ്ടിട്ടാണാവോ അവരും
മധുവിധു ആഘോഷിക്കാൻ മുല്ലപ്പൂ തേടിയിറങ്ങുന്നത്.
പിന്നീടെപ്പോഴോ
ആ മുല്ലവള്ളികൾക്കു നാശം
സംഭവിച്ചിരുന്നു. അതെങ്ങനെയാണെന്നോ എപ്പോഴാണെന്നോ ഓർത്തെടുക്കാൻ കഴിയാത്തത് വേറൊന്നും കൊണ്ടല്ല,
ഇന്നീ ഓർമകൾക്ക് സുഗന്ധം
പകരാൻ ആ പൂക്കൾക്ക്
കഴിയുമെന്ന തിരിച്ചറിവ് അന്നില്ലാതെ പോയതിനാലാണ്.
കാലം വീണ്ടും ഒരുപാടോടി, സമ്മാനിക്കാൻ
മുല്ലകളില്ലാഞ്ഞിട്ടു കൂടി രാത്രിയെ
തേടി പകലുകൾ വന്നുകൊണ്ടേയിരുന്നു.
കടുത്ത ഏകാന്തതയിലും ഉങ്ങ്
തണൽ വിരിക്കാൻ മറന്നതേയില്ല. ആ
മണ്ണും വീടും തണലുകളുപേക്ഷിച് ഒരിക്കൽ
ഞങ്ങളുമിറങ്ങി. പകരമവിടെ തണലുകൾ വേണ്ടാത്ത
കോൺക്രീറ്റ് തൂണുകൾ പൊങ്ങി.
പുതിയ മണ്ണും വീടും ഞങ്ങളും
കൂടെ കൂടീട്ട് വര്ഷം
നാലാവുന്നു. തണലുകൾ വിരിക്കാൻ അമ്മയുടെ
കൈകളിലൂടെ ആ മണ്ണിലും
ഒരുപാട് വിത്തുകളിറങ്ങി. ഇപ്പൊ അവിടെ
ചെറിയ മാവും പ്ലാവുമുണ്ടായി,
തെങ്ങും വാഴയുമുണ്ടായി, മുളകും മുരിങ്ങയും, വഴുതനയും തക്കാളിയുമൊക്കെയുണ്ടായി.
ഇനിയൊരു ഉങ്ങും അതിനെ ചുറ്റിയൊരു
മുല്ലവള്ളിയും കൂടി വേണം.
'അമ്മ മറന്നതാണാവോ, അതോ
മനസ്സിലിപ്പോഴും ആ തണലും
സുഗന്ധവും അതുപോലെ പരന്നു കിടക്കുന്നതുകൊണ്ടാണാവോ??
No comments:
Post a Comment