അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല.
തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ കൊണ്ടുപോയിരുന്നു.
അതേ, വളരെ നാളുകൾക്ക് ശേഷമുള്ള കൂടികാഴ്ചയാണ്. ഫോണിലാണെങ്കിൽ പോലും സംസാരിച്ചിട്ട് കുറച്ചധികമായിരിക്കുന്നു.
ഈ കാലമവളിൽ എന്തുമാത്രം മാറ്റങ്ങൾ വരുത്തിയിരിക്കും? എന്നിൽ തന്നെ എന്തുമാത്രം മാറ്റങ്ങൾ സംഭവിച്ചു. അയാളതോർത്തൊന്ന് പതിയെ ആരും കാണാതെ ചിരിച്ചു.
ഇനിയധികം കാത്തിരിക്കേണ്ടതില്ല, ഇന്റെർവെല്ലിന് ഇനിയൊരു അഞ്ചു മിനുട് കൂടി ബാക്കിയുണ്ട്. ഇപ്പോ നടന്നാ കൃത്യം ബെല്ലടിക്കുമ്പോൾ പിജി ബ്ലോക്കിന് മുന്നിലെത്താം. കാണുമ്പോൾ ആശ്ചര്യത്തോടെ അടുത്തേക്ക് വരുമായിരിക്കും. നാളുകൾ കഴിഞ്ഞ് കാണുന്ന നായകന്റെ അടുത്തേക്ക് നായിക വരുന്ന പോലെ. നടത്തിനടയിലും അയാളങ്ങനെ ഓരോന്ന് ആലോചിച്ച് ചിരിക്കുന്നുണ്ട്.
ബെല്ലടിച്ചു.
നാളുകൾക്ക് ശേഷം അയാളുടെ മനസ്സിലും സിരകളിലും പ്രണയത്തിന്റെയാ പ്രസരിപ്പ് പടരുന്നത് അയാളറിഞ്ഞിരുന്നു.
സ്വപ്നം കണ്ട ജീവിതത്തിലേക്ക് ധൈര്യപൂർവ്വം അവളെ ക്ഷണിക്കാൻ അയാൾ മനസ്സാൽ സജ്ജമായി.
അവൾ പടികളിറങ്ങി വരുന്നതയാൾ നോക്കി നിൽക്കെ അന്നാദ്യമായ് അവളെ കണ്ടയതേ അനുഭൂതി ഒരിക്കൽ കൂടി അയാളറിഞ്ഞു.
അതേ, അതവരുടെ ആദ്യകാഴ്ച പോലെ തന്നെയായിരുന്നു. കണ്ടിട്ടും കാണാത്ത പോലെയവൾ നടന്ന് നീങ്ങി, പിന്നെയൊന്ന് തിരിഞ്ഞുനോക്കി.
പക്ഷേ അന്ന് ആ കണ്ണിലുണ്ടായിരുന്ന പ്രണയത്തിന് പകരം അയാൾക്ക് കാണാൻ കഴിഞ്ഞത് വേദനയായിരുന്നു.
എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ ഒരു ശ്മാശാനത്തിലൂടെ നടക്കും വിധം തിരിച്ച് പോരുമ്പോൾ അയാളറിഞ്ഞു,
ആ നായിക നോക്കിയത് അവളുടെ നായകനെയായിരുന്നില്ല,
വില്ലനെയായിരുന്നു.!!
Solo
ബ്ലോഗൊന്നുമല്ല, വെറുതേ തോന്നുന്ന ചില തോന്നലുകളാണ്..
Friday, 7 June 2019
Tuesday, 30 April 2019
അവിടങ്ങളിലിപ്പൊ പൂക്കൾ വിരിയാറില്ലെന്നാണ് കേട്ടത്.
അത് സത്യമാണോയെന്ന് ചെന്ന് നോക്കാനോ, അല്ലെങ്കിൽ ആരോടെങ്കിലുമൊന്ന് ചോദിച്ച് ഉറപ്പുവരുത്താനോ ശ്രമിച്ചില്ല.
ധൈര്യപ്പെട്ടില്ലെന്ന് വേണം പറയാൻ !
ഒരിക്കലേ അവിടുന്നൊരു പൂ പറിച്ചിട്ടൊള്ളൂ, അതിങ്ങനെയാണ്.
നേരം വൈകി ക്ലാസ്സിൽ കയറുന്ന കുട്ടിയിൽ നിന്നും കോളേജിലാദ്യമെത്തുന്ന കുട്ടികളിലൊരു കുട്ടിയായി പരിണാമം സംഭവിച്ചുകൊണ്ടിരുന്ന ആദ്യദിവസങ്ങളിലൊരു ശുഭമുഹൂർത്തത്തിലാണത് സംഭവിച്ചത്.
(24 മണിക്കൂറും ശുഭമുഹൂർത്തമായിരുന്ന ഒരു പ്രത്യേക കാലഘട്ടമായിരുന്നു അതെന്നത് വേറെ സത്യം)
അങ്ങനെ, ആ വലതുകൈ എന്റെ ഇടതിൽ ചേർത്ത് ഇടതുവശം നീളെ നടന്നിരുന്ന പതിവിൽ നിന്നും മാറി, അന്നെന്തോ ഇടതുകൈയ്യാണെന്റെ വലതിൽ ചേർന്നിരുന്നത്. അന്നുവരെ ഞാൻ വെറുതെ നോക്കി പോയിരുന്ന ആ പൂക്കളന്നെന്റെ ഇടതുവശം ചേർന്നടുത്തപ്പോൾ ഞാനതിൽ നിന്നൊന്ന് പറിച്ചെടുത്ത് കയ്യിലൊളിപ്പിച്ചു. ക്ലീഷേകൾക്കെല്ലാം പുതുമ തോന്നിയിരുന്ന സമയങ്ങളായിരുന്നു അന്ന്.
അങ്ങനൊരു പുതുമയും പ്രണയവും നിറച്ച് പെട്ടെന്ന് കൈ തുറന്ന്
"ന്നാ ന്റെ വകയൊരു ചെറിയ ഗിഫ്റ്റെന്നും" പറഞ്ഞ് ഫുൾ വോൾട്ടേജ് ചിരിയും ഈ പൂവും സമ്മാനിക്കയുണ്ടായി.
ഇത്രയും ദിവസങ്ങളിൽ നിനക്ക് തോന്നാത്തത് എനിക്ക് തോന്നിയല്ലോയെന്ന് തെല്ലഹങ്കാരത്തോടെയും, ഇത് കാണുമ്പോഴാ പുഞ്ചിരിമുഖമൊന്നുകൂടി വിടരുമല്ലോയെന്നും കരുതിയയെന്റെ ധാരണകളെ തിരുത്തി ആ വിടർന്ന കണ്ണുകളിൽ ചെറിയ നനവ് പടരുന്നത് ഞാൻ കണ്ടു.
പിന്നീടൊന്നും പറയാൻ കിട്ടിയില്ല.
പറിച്ചെടുത്ത പൂവിനി എന്തു ചെയ്യുമെന്നറിയാതെ നോക്കുമ്പോൾ ഉള്ളംകൈയ്യിലെ വിയർപ്പിലതൊരു ശവം പോലെ കിടന്നു. ഒരു കൊലപാതകിയെ പോലെ ഞാനാകെ പരുങ്ങി. ഇനി കാണാതെ പതുക്കെ വഴിയിലുപേക്ഷിക്കാമെന്ന തീരുമാനത്തിലെത്താതെ വേറെ വഴിയുണ്ടായില്ല.
പിന്നീടവിടുന്നെന്നല്ല എവിടുന്നും ഒരു പൂ പറിക്കാൻ ഞാൻ ധൈര്യപ്പെട്ടിട്ടില്ല.
കാലം ഒരുപാടൊന്നും പോയിട്ടില്ലെങ്കിലും മണ്ണും മനസ്സുമെല്ലാം ഒരുപാടൊരുപാട് മാറ്റങ്ങളേറ്റ് വാങ്ങേണ്ടിവന്നു. അതുകൊണ്ടൊക്കെയായിരിക്കാം അവിടങ്ങളിലിപ്പൊ പൂക്കളൊന്നും വിരിയാത്തത്.
Wednesday, 30 January 2019
Wednesday, 26 December 2018
തൂക്കി തിട്ടപ്പെടുത്താനാവാത്തൊരു
ഭാരമേന്തിയുള്ള അലച്ചിലാണ്.
പറയാതെ പോയതും
പറഞ്ഞിട്ട് പോയതും
പോവേണ്ടതല്ലെന്ന ബോധ്യമാവാം
ഈ ഭാരമൊരു നിഴലുപോലെ
കൂടെയിങ്ങനെ.
ഒന്നു മരിച്ചൊന്നുകൂടി ജനിച്ചെങ്കിലെന്നും
കൈവിട്ടു പോയതെല്ലാമൊന്നുവിടാതെ
ചേർത്ത് പിടിച്ചെങ്കിലെന്നും
ചേർത്തു പിടിച്ചതൊക്കെയും
കൈവിടാതെ ജീവിച്ചു തീർത്തെങ്കിലെന്നും
വെറുതെ തോന്നുകയാണ്.
ഈ തോന്നലുകളാണ്,
അർഹതയില്ലാത്തയീ ആഗ്രഹങ്ങളാണ്
കണക്കില്ലാത്തയാ ഭാരത്തിന്റെ
ആഴവും വ്യാപ്തിയും ദിനവുമിങ്ങനെ
കൂട്ടിക്കൊണ്ടിരിക്കുന്നത്.
ഉണക്കമേൽക്കാത്ത മുറിവിന്റെ മാത്രമല്ല,
കുറ്റബോധത്തിന്റെ, നിസ്സഹായതയുടെ,
ഉള്ളുപൊട്ടി ഉള്ളിലലറി കരഞ്ഞതിന്റെ
പാടുകൾ പടർന്ന വഴികൾ
അവിടെക്കാണിനിയും നടക്കാനിറങ്ങേണ്ടത്.
ആ പാടുകളാണൊന്നൊഴിയാതെ
മായ്ച്ചുകളയുവാനുള്ളത്.
ഈ തോന്നലുകളാണ്,
അർഹതയില്ലാത്തയീ ആഗ്രഹങ്ങളാണ്
ആ ഭാരമൊരു തീയാക്കുന്നതും
ഉള്ളുമുഴുക്കെയെരിച്ച് പുകയ്ക്കുന്നതും..
ഭാരമേന്തിയുള്ള അലച്ചിലാണ്.
പറയാതെ പോയതും
പറഞ്ഞിട്ട് പോയതും
പോവേണ്ടതല്ലെന്ന ബോധ്യമാവാം
ഈ ഭാരമൊരു നിഴലുപോലെ
കൂടെയിങ്ങനെ.
ഒന്നു മരിച്ചൊന്നുകൂടി ജനിച്ചെങ്കിലെന്നും
കൈവിട്ടു പോയതെല്ലാമൊന്നുവിടാതെ
ചേർത്ത് പിടിച്ചെങ്കിലെന്നും
ചേർത്തു പിടിച്ചതൊക്കെയും
കൈവിടാതെ ജീവിച്ചു തീർത്തെങ്കിലെന്നും
വെറുതെ തോന്നുകയാണ്.
ഈ തോന്നലുകളാണ്,
അർഹതയില്ലാത്തയീ ആഗ്രഹങ്ങളാണ്
കണക്കില്ലാത്തയാ ഭാരത്തിന്റെ
ആഴവും വ്യാപ്തിയും ദിനവുമിങ്ങനെ
കൂട്ടിക്കൊണ്ടിരിക്കുന്നത്.
ഉണക്കമേൽക്കാത്ത മുറിവിന്റെ മാത്രമല്ല,
കുറ്റബോധത്തിന്റെ, നിസ്സഹായതയുടെ,
ഉള്ളുപൊട്ടി ഉള്ളിലലറി കരഞ്ഞതിന്റെ
പാടുകൾ പടർന്ന വഴികൾ
അവിടെക്കാണിനിയും നടക്കാനിറങ്ങേണ്ടത്.
ആ പാടുകളാണൊന്നൊഴിയാതെ
മായ്ച്ചുകളയുവാനുള്ളത്.
ഈ തോന്നലുകളാണ്,
അർഹതയില്ലാത്തയീ ആഗ്രഹങ്ങളാണ്
ആ ഭാരമൊരു തീയാക്കുന്നതും
ഉള്ളുമുഴുക്കെയെരിച്ച് പുകയ്ക്കുന്നതും..
Monday, 12 November 2018
യാത്ര പറയും നേരം.
എല്ലാരുമെല്ലാരുമെത്തിയിട്ടും
നിന്റെ അസാന്നിധ്യമവിടൊരു
ശ്‌മശാനം സൃഷ്ടിച്ചിരുന്നു.
നിന്റെ അസാന്നിധ്യമവിടൊരു
ശ്‌മശാനം സൃഷ്ടിച്ചിരുന്നു.
ആരുമറിയാതെ
പുകഞ്ഞെരിയുകയായിരുന്നു
ഞാനും എന്റെ സ്വപ്നങ്ങളും...
പുകഞ്ഞെരിയുകയായിരുന്നു
ഞാനും എന്റെ സ്വപ്നങ്ങളും...
ഇവിടെയെങ്കിലും മൗനം പാലിക്കരുത്
തൊണ്ടക്കുഴിയിൽ വീണുമരിച്ച വാക്കുകളും, ചുരുട്ടിക്കൂട്ടിയ കടലാസ്സിൽ ശ്വാസംമുട്ടി മരിച്ച വരികളും കണ്ടുമുട്ടിയത് തൊട്ട് ചിരിയടക്കാൻ കഴിയാതെ പോയത് അവിടെയുള്ള ആ ഒരൊറ്റ മുന്നറിയിപ്പ് കണ്ടാണ്,
"ഇവിടെയെങ്കിലും മൗനം പാലിക്കരുത്"
"ഇവിടെയെങ്കിലും മൗനം പാലിക്കരുത്"
Tuesday, 23 October 2018
തണുപ്പിനറ്റം
ഇതുവരെ അനുഭവിച്ചറിയാത്ത സുഗന്ധങ്ങളിലോട്ടാണ് ഉറക്കമുണർന്നത്. കണ്ണ് തുറക്കേ കാണുന്നത് ചുറ്റും പലനിറത്തിലുള്ള പൂക്കളാണ്. ആ വർണങ്ങളിലേക്കാണ് ഞാൻ ഒരു നനുത്ത കാറ്റേറ്റ് ഉണർന്നത്. മനസ്സിങ്ങനെ ഇത്രമേൽ സന്തോഷിക്കുന്നത് എത്ര കാലങ്ങൾക്കു ശേഷമാണ്. മെല്ലെ നടന്നു, ആരെയും കാണുന്നില്ല. നാല് ദിക്കും പൂക്കൾ തന്നെ.! പല നിറത്തിൽ പല രൂപത്തിൽ ചെറിയ കോടമഞ്ഞും പുതച്ച് കിടക്കയാണെല്ലാം..
എവിടെയാണീ സ്ഥലമെന്നൊരു പിടിയും കിട്ടുന്നില്ല. ആരാവും ഈ തോട്ടത്തിന്റെയുടമ.? ഈ പൂക്കളെല്ലാം അയാൾ നട്ടുപിടിപ്പിച്ചതായിരിക്കുമോ? ആണെങ്കിൽ ഇതിലാദ്യത്തെ പൂ വിരിഞ്ഞപ്പോൾ അയാളെത്ര സന്തോഷിച്ചിരുന്നിരിക്കും. ഇതിനു കാവൽക്കാരാരുമില്ലേ? പരിപാലിക്കുന്നവരെയും കാണുന്നില്ല.. ചോദ്യങ്ങളും സംശയങ്ങളും മാത്രമാണല്ലോ മനസ്സിൽ. എല്ലാത്തിനും മുൻപ് ഞാനെങ്ങനെ ഇവിടെയെത്തി എന്നതിനാണ് ഉത്തരം കണ്ടത്തേണ്ടത്.. ആര് കൊണ്ടുവന്നിട്ടതായാലും സ്നേഹമല്ലാതെ മറ്റൊന്നും പറയാനോ പകരാനോ ഇല്ല. ഇന്നലെ ഒരുപാട് വൈകിയാണ് കിടന്നതെന്നോർമയുണ്ട്. പക്ഷെ എവിടെയായിരുന്നെന്നോ, ഒപ്പം സംസാരിച്ചിരുന്നിരുന്നത് ആരായിരുന്നെന്നോ ഓർമ കിട്ടുന്നില്ല. എന്നെ പോലെ തന്നെ ഉറക്കം കളഞ്ഞു പോയൊരു സുഹൃത്തായിരുന്നു. ഒന്നും വ്യക്തമാവുന്നില്ല. എല്ലാം ശൂന്യമാണ്. ഓർത്തെടുക്കാൻ ഒന്നുമില്ലാത്തവിധം പുനർജനിച്ചപോലെ. ഓർമകളാൽ ഒരുപാട് നീറിയിരുന്നല്ലോ ഞാൻ.. അതെന്തിനായിരുന്നു.?
ഒരു കാര്യം ഞാനറിയുന്നുണ്ട്, ഈ പൂന്തോട്ടം..!! ഇതുപോലൊന്ന് എൻ്റെ ഏറെ നാളത്തെ ഒരു സ്വപ്നമായിരുന്നു. അതിനെ പരിപാലിച്ചുള്ള ജീവിതം.. പൂക്കൾ തളിരിലകൾ പൂമ്പാറ്റകൾ കിളികൾ....
വഴി നീളുന്നു..പൂക്കൾ മാറുന്നു സുഗന്ധം മാറുന്നു, കിളികൾ മാറുന്നു പാട്ടുകൾ മാറുന്നു. വേറെ ആരെയും കണ്ടുകിട്ടുന്നില്ല..
പതിയെ കുന്നുകളും മലകളും പ്രത്യക്ഷമാവുന്നുണ്ട്. കാടിന്റെ പച്ചപ്പുകളറിഞ്ഞു തുടങ്ങുന്നു. തണുപ്പ് കൂടുന്നുണ്ട്. കുറ്റിച്ചെടികൾ, മരങ്ങൾ, വള്ളിപ്പടർപ്പുകൾ, പുഴകൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ.. കണ്ണും മനസ്സും നിറയുകയാണ്. നേരം പോവുന്നതറിയുന്നില്ല. വിശപ്പും ദാഹവുമറിയുന്നില്ല. വഴിയങ്ങനെ നീളുകയാണിനി ഉയരങ്ങളിലേക്ക്..
വഴി നീളുന്നു..പൂക്കൾ മാറുന്നു സുഗന്ധം മാറുന്നു, കിളികൾ മാറുന്നു പാട്ടുകൾ മാറുന്നു. വേറെ ആരെയും കണ്ടുകിട്ടുന്നില്ല..
പതിയെ കുന്നുകളും മലകളും പ്രത്യക്ഷമാവുന്നുണ്ട്. കാടിന്റെ പച്ചപ്പുകളറിഞ്ഞു തുടങ്ങുന്നു. തണുപ്പ് കൂടുന്നുണ്ട്. കുറ്റിച്ചെടികൾ, മരങ്ങൾ, വള്ളിപ്പടർപ്പുകൾ, പുഴകൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ.. കണ്ണും മനസ്സും നിറയുകയാണ്. നേരം പോവുന്നതറിയുന്നില്ല. വിശപ്പും ദാഹവുമറിയുന്നില്ല. വഴിയങ്ങനെ നീളുകയാണിനി ഉയരങ്ങളിലേക്ക്..
മഞ്ഞിലൂടെയാണിനി യാത്ര. അതെ, തണുപ്പ് വീണ്ടും വീണ്ടും കൂടുകയാണ്..പക്ഷെ ഞാൻ വിറക്കുന്നേയില്ല, കിതപ്പും ക്ഷീണവുമറിയുന്നില്ല. ഉയരങ്ങൾ താണ്ടി ഉയരങ്ങളിലേക്ക് നടന്നുകൊണ്ടേയിരിക്കയാണ് ഞാൻ. ഇപ്പൊ ഒരു കാര്യം കൂടി വ്യക്തമായി വരുന്നുണ്ട്. ഈ മഞ്ഞുമലക്ക് ശേഷം ഞാൻ കാണാൻ പോവുന്നതെന്റെ അനന്തവും വിശാലവുമായ മരണമാണ്.
കൊടുമുടിയുടെ അറ്റമെത്തിയിരിക്കുന്നു.
പൂർണ സന്തോഷവാനാണ്, നിറഞ്ഞ ഊർജസ്വലതയോടെ മനസ്സറിഞ്ഞ് ഞാനെന്റെ അവസാന ശ്വാസമെടുക്കുകയാണ്.
അതെ, തണുപ്പിനറ്റം ഞാനറിയുകയാണ്...
കൊടുമുടിയുടെ അറ്റമെത്തിയിരിക്കുന്നു.
പൂർണ സന്തോഷവാനാണ്, നിറഞ്ഞ ഊർജസ്വലതയോടെ മനസ്സറിഞ്ഞ് ഞാനെന്റെ അവസാന ശ്വാസമെടുക്കുകയാണ്.
അതെ, തണുപ്പിനറ്റം ഞാനറിയുകയാണ്...
Subscribe to:
Posts (Atom)
വില്ലൻ
അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...