Monday, 23 October 2017

വിലക്ക്

പെണ്ണേ,
നിഴലും ശ്വാസവുമെല്ലാം
നിന്റെയോർമകൾക്ക്
കനത്ത വിലക്കേൽപ്പിച്ചിരിക്കയാണ്.
എന്നിട്ടുമിങ്ങനെ വീണ്ടും വീണ്ടും
നീയിതെന്തു കൽപ്പിച്ചാണ്.?
അവരിരുവരുമെന്നോട്
 തെറ്റിപ്പിരിഞ്ഞു പോകും- 
വരേയൊള്ളൂ എന്നോ.?

സന്തോഷം.!

നിന്നാഴങ്ങളിൽ

പെണ്ണേ,
നിന്നാഴങ്ങളുടെ 
ചുഴിയിലകപ്പെട്ടിരിക്കയാണു 
ഞാൻ.
പതിയെ പതിയെ 
നീയെന്റെ പ്രണയവായു 
എടുക്കുന്നതാവണമെന്റെ 
അവസാനയോർമകൾ
എന്തെന്നാൽ 
ഉയിർത്തെഴുന്നേൽപ്പൊന്നുണ്ടെങ്കിൽ 
അതും നിന്നിലാവാൻ 
വേണ്ടിയാണ

മൗനം

നീ നിലമുഴുത് വിത്തുപാകി
വെള്ളവും വളവും കൊടുത്ത്
 വളർത്തിയെടുത്ത നമ്മുടെ മൗനം..
അത് തഴച്ചുയരേ വളരുകയാണ്,
പടർന്നു പന്തലിച്ച് 
കറുത്ത തണൽ വിരിക്കയാണ്.
അവിടെയൊരു മറക്കപ്പുറം 
നീയും ഞാനും.

നിലം പൊത്താൻ കാത്തിരിക്കുന്ന ഞാനും,
വീണ്ടും പുതിയ വിത്തുകൾ പാകുന്ന നീയും..

മഴ

മണ്ണിലായാലും മനസ്സിലായാലും മഴയങ്ങനെയാണ്..

ചിലപ്പോൾ അടിഞ്ഞുകൂടിയതെല്ലാമടുത്ത് ദൂരേക്കൊഴുകും,
മറ്റുചിലപ്പോൾ ദൂരെ കളഞ്ഞതെല്ലാമെടുത്ത് വീണ്ടും അരികെ കൊണ്ടുവരും..

തുടർക്കഥ

ഒരു തുടർക്കഥ.,
പണ്ട് പണ്ട് ഒരാൾ 
ഏഴുകടലൊക്കൊ താണ്ടി 
മരുഭൂമിയിലെ മാണിക്യം തേടി 
കപ്പലിലിവിടെ വന്നിറങ്ങിയത്രേ..
.
.
.
ദേ
 ഇന്ന് പുലർച്ചെയുള്ള 
എയർ ഇന്ത്യയിലും 
കുറേ പേർ വന്നിറങ്ങി,
ഇതേ മാണിക്യം തേടി.

തുടരും...

ഇരുട്ട്

ഇരുട്ടിനു നിറം കറുപ്പു മാത്രമല്ല..! 
സ്വപ്നങ്ങൾ പലതിനും ചായം പൂശിയതവിടെ നിന്നാണ്..

നിലാവ്

പേരിൽ സൂര്യനെന്നൊക്കെയുണ്ടെങ്കിലും 
നീയവനൊരു നിലാവാണ്, 
ഇരുട്ടിലൊറ്റപ്പെട്ടവന് തുണയായ നിലാവ്...
ഇനിയൊരു നാളിൽ അവസാനമില്ലാ-
അമാവാസിയേകി നീ പോയാലും
പകർന്നു നൽകിയ 
പൗർണമിയോർമകൾ മാത്രം 
മതിയവന് ശേഷിച്ച ജീവിത വഴികൾ താണ്ടുവാൻ ....

കടലിനോട്

പിറന്നു വീണ മലയും കാടും 
കൂട്ടുകൂടിയ പായലും, പൂക്കളും, 
പരൽ മീനുകളും വിട്ടിട്ട് പോരാൻ 
കൊതിയുണ്ടായിട്ടല്ല..!! 
നിന്റെ ആഗ്രഹവും
 വിധിയെന്ന സത്യവും 
ഒന്നായതിനാലാണ് 
നിന്നിലലിയാൻ 
ഞാനിവിടം വന്നത്..

എന്ന്

പുഴ.

പുഴ

വെട്ടിനിരത്തിയ മലയുടെ 
മണ്ണും മരവും മടലും 
വീണുമൂടിയതിനാലാവാം 
വറ്റി വരണ്ട പുഴയുടെ
അവസാന ചുടുകണ്ണീരും 
ആരും കാണാതെ പോയത്

തണലന്ന്യം

ചുട്ടു പരന്ന മരുഭൂവിൽ 
ദിശയറിയാതവൻ അലഞ്ഞതും 
തിരികെ ആ തണലിലെത്താനായിരുന്നു..
 വിധിയന്നു തെളിച്ച വഴിയിലവൻ 
തിരികെ കിതച്ചോടിയെത്തിയപ്പോഴേക്കും 
സമയം അതിക്രമിച്ചിരുന്നു..
ഇലകളും പൂക്കളും കൊഴിഞ്ഞിരുന്നു, 
ഇനി വരില്ലെന്ന കത്ത് കണ്ടു..
ഒടിഞ്ഞചില്ലകൾ ആരോ കൂട്ടി കത്തിച്ചിരുന്നു..
മണ്ണു മാന്തി വേരു നോക്കി 
അതും വടക്കോട്ടുള്ളത് പിഴുതെറിഞ്ഞിരുന്നു..
ശേഷിച്ചെതെടുത്തവൻ മടങ്ങി..
പുതിയ യാത്ര..
പുതിയ മണ്ണ്...
പുതിയ മാനം... 
തണലന്ന്യം..

ആരും കാണാതെ

ആൾക്കൂട്ടത്തിനിടയിലെ ഏകാന്തത..
ബഹളങ്ങൾക്കിടയിലെ നിശബ്ദത..
വികാരഭരിതമായിരിക്കുന്നിടത്തെ നിർവികാരത..
പൊതുവായി കാണപ്പെടുന്നവയാണ്.

ആരും കാണാതെ പോവുന്നതും അതാണ്..!!

നോവ്

അന്നു നീ നുള്ളിനോവിച്ച കൈതണ്ടയില്‍ നിന്നും ചോര പൊടിയാന്‍ തുടങ്ങിയതിപ്പോഴാണ്..

നിഴൽ

ഇരുളില്‍ തനിച്ചാക്കി  പോയ നിഴലിനെ കുറിച്ചുള്ള പരാതികളല്ലേ നിങ്ങള്‍ കേട്ടിട്ടൊള്ളൂ.??
പകലില്‍ പകരാന്‍ കഴിയാതെ പോയ സ്നേഹം പുലരുവോളം നെഞ്ചോട് ചേര്‍ന്ന് പകര്‍ന്നു തന്ന നിഴലിന്റെ കഥ എനിക്കറിയാം.. ❤

സ്വാർത്ഥർ

ബാല്യം നിറഞ്ഞാടിയ തൊടികൾ., 

ഓടിയൊളിച്ചു കളിച്ച എന്നെയും നിന്നെയും കൂട്ടരേയും കാണാത്ത പുല്ലില്ല പൂവില്ല കായില്ല മരമില്ല.. ഇടംകണ്ണിട്ട് ചിരിക്കയല്ലാതെ അവരാരും ഒന്നും മിണ്ടിയില്ല, ആർക്കുമാരെയും കാണിച്ചു കൊടുത്തില്ല. കളിയുടെ രസം കളയാതിരിക്കാൻ അവർക്കറിയാമായിരുന്നു.
പണ്ടു മുതലേ അവരങ്ങനെയാണ്, നമ്മുടെ സന്തോഷത്തിനും നന്മക്കുംവേണ്ടി നിലകൊള്ളുന്നവരാണ്. ഇതെല്ലാം കണ്ടു വളർന്നിട്ടും നമ്മളെന്തേ ഇത്ര സ്വാർത്ഥരായി??
വേരടക്കം ഓരോന്നും പിഴുതെറിയുമ്പോഴും പുല്ലും പൂവും കോൺക്രീറ്റിനടിയിലേക്ക് ചവിട്ടിയരക്കുമ്പോഴും നമ്മൾ കണ്ണടച്ചു കളിച്ചു കൊണ്ടേയിരിക്കുകയാണ്. കളി കാര്യമായതറിഞ്ഞിട്ടും ഒന്നും അറിയാത്തപോലെ നമ്മൾ തകർത്തഭിനയിച്ചു കൊണ്ടേയിരിക്കയാണ്.

വേര്

അവരെല്ലാം നിന്നെ പൂവായും തളിരായും താലോലിച്ചപ്പോഴും

നീയെന്റെയുള്ളിൽ വേരായാണ് പടർന്നത്
(ആഴത്തിൽ ആരുമറിയാതെ).

അതാവാം നീയില്ലായ്മയിൽ ഞാൻ നിലംപൊത്തി വീണത്.

യാത്ര

യാത്ര..
എത്ര പേരാണ് അവനോടു കൂടെ യാത്ര തുടങ്ങിയത്, മുന്നിലും പിന്നിലും ഇടത്തും വലത്തും.. പേരറിയാത്ത വഴികളിൽ നടന്നു നീങ്ങിയവർ, കടകളിൽ, ഇരിപ്പിടങ്ങളിൽ, മുഖം കാണാതെ ഓടി മറഞ്ഞവർ അങ്ങനെയെത്ര പേർ..
അപരിചിതമായ പല മുഖങ്ങളും ഭൂതകാലത്തിൽ കണ്ടു മറന്നു പോയവരാണോ എന്നവൻ സംശയിച്ചു.
യാത്ര തുടർന്നു,
ആരൊക്കെയോ എവിടെയൊക്കെയോ വെച്ചിറങ്ങി പോയി. കണ്ടു കൊണ്ടിരിക്കാൻ ആഗ്രഹിച്ചവയും ആ കൂട്ടത്തിൽ അപ്രത്യക്ഷമായിരുന്നു.

എന്തെന്നില്ലാത്ത ഭയം അവനെ അലട്ടി. മനസ്സിൽ ചോദ്യങ്ങൾ വീണ്ടും ഉണർന്നു. ആരെല്ലാം ഇനി?? എത്ര കാലം?? എവിടെ വരെ? അവൻ ചുറ്റും നോക്കി, അപരിചിതമെങ്കിലും സമാധാനസൂചകരായി അവർ ചിരിച്ചു കൊണ്ടേയിരുന്നു. നന്മ നിറഞ്ഞവർ, ആശ്വാസമായി.

അവനസൂയയോടെ ആകാശത്തെ നോക്കി, കാണാത്ത കാഴ്ചകളില്ല, ഒരു തണലിലൊത്തിരി പേരെ, ഒരേ നേരം, പല രൂപങ്ങളിൽ. ആകാശം അവനെ നോക്കി ചിരിച്ചുകൊണ്ടേയിരുന്നു സൂര്യൻ അതിനു മോടികൂട്ടി, കിളികൾ പാട്ടുപാടി, പൂവുകൾ നൃത്തം വെച്ചു. കാറ്റെവിടെ നിന്നോ അതുവരെ നൽകാത്തൊരു തണുപ്പുമായി അവനെ പുണർന്നു . ആദ്യമായിട്ടവൻ കാറ്റിന്റെ മുഖവും അന്ന് കണ്ടു. കാറ്റും ചിരിക്കുകയായിരുന്നു.
മരങ്ങൾ അകലെക്കലേക് ഓടി മറഞ്ഞു, ഭയം മാത്രമായിരുന്നു ഭാവം.

അവനെ പിടിച്ചുലക്കാൻ അത് ധാരാളമായിരുന്നു
ഇവരാരെയാണ് എന്തിനാണ് ഭയക്കുന്നത് ??
തന്റെയുള്ളിൽ ഒളിപ്പിച്ചു വെച്ച ആ ഭയം അവ വീണ്ടും പുറത്തെടുത്തിരിക്കുന്നു.
അവനസ്വസ്ഥനായി.
അരികിലെ സഹയാത്രികയെ നോക്കി , യാത്രയിലുടനീളം അവൾ വായനയിലായിരുന്നു. ശല്യം ചെയ്യരുതെന്ന ശാഠ്യം അവനുണ്ടായിരുന്നു. സ്വസ്ഥമായി വായിക്കാൻ സമ്മതിക്കുന്നത് സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുന്നതിന് തുല്യമാണെന്ന് അവനറിയാമായിരുന്നു.

പക്ഷെ ആ ഭയവും അതിനുള്ള ഉത്തരം തേടിപിടിക്കലും മാത്രമായി അവന്റെ മനസ്സിൽ. അവനവളെ ഒന്നൂടെനോക്കി, ചുറ്റുമുള്ളതൊന്നും അവളറിയുന്നുണ്ടായിരുന്നില്ല. മറ്റൊരു ലോകത്തിൽ നിന്നും വിളിച്ചുണർത്തിയ അവളോട് ആ ചോദ്യം ഇരുപ്രാവിശ്യം അവനു ചോദിക്കേണ്ടി വന്നു.
ഈ മരങ്ങൾ ആരെയാണ് എന്തിനാണ് ഭയക്കുന്നത്?
അവൾ കുറച്ചു നേരം പുറത്തോട്ട് നോക്കിയിരുന്നു, പിന്നെയവനെ നോക്കി ചിരിച്ചുപറഞ്ഞു അവയെല്ലാം ചിരിച്ചുകൊണ്ടാണ് ഓടിയകലുന്നത് , ഓരോ നാളെയും പ്രതീക്ഷയുടേതാണെന്ന് ആ ചിരിയിലവർ പറയാതെ പറയുന്നുണ്ട്, അവൾ കൂട്ടിച്ചേർത്തു.

അല്ല, അവ ചിരിക്കുന്നില്ല, ഭയം മാത്രമാണവരുടെ മുഖത്ത്, അവനുറക്കെയുറച്ച് പറഞ്ഞു. അവളുറക്കെ ചിരിച്ചു , ചുറ്റുമുള്ളവരെല്ലാം ചിരിച്ചു . അവനവന്റെ കണ്ണുകളെ അവിശ്വസിക്കാനായില്ല
ഒരു നിമിഷത്തേക്കവൻ കണ്ണടച്ചിരുന്നു. ആ ഇരുട്ടിലവൻ അവന്റെ ഭൂതകാലം മുഴുവനും കണ്ടു. കണ്ണ് തുറന്ന് ചുറ്റും നോക്കി, ഇരുട്ടവിടെയെല്ലാം വ്യാപിച്ചിരുന്നു. കൂടെയുണ്ടായിരുന്നവരെല്ലാം വഴിമാറി അപ്രത്യക്ഷ്യരാവുന്നത് ഒരു മങ്ങലോടെ അവൻ നോക്കി കണ്ടു. ഇരുട്ട് കൂടി കൂടി വന്നു. ആകാശമൊട്ടും ചിരിച്ചില്ല, കാറ്റവിടെ വന്നതേയില്ല, കൊണ്ടുവന്ന തണുപ്പവിടം മറന്നു വെച്ചിരുന്നു. കിളികൾ പാട്ടും വഴിയും മറന്നിരിക്കാം. പൂവുകളെല്ലാം വാടി കൊഴിഞ്ഞിരുന്നു.
ഒരു നിലാവിന്റെ ഉദയത്തിനവിടെ അവൻ സാക്ഷിയായി, ആ നിലാവിൽ അവൻ ഓടിയകന്ന ആ മരങ്ങളെ മാത്രം കണ്ടു.
അതെ അവയെല്ലാം ചിരിക്കുകയായിരുന്നു.
അവ മാത്രം...

അപൂർണം

ഓരോ നിമിഷവും അപൂർണമായി അവസാനിക്കുമ്പോഴും എന്നെങ്കിലുമൊരുനാൾ നീയതെല്ലാം പൂർണതയിൽ എത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എന്റെ ഓരോ പുലരിയും ഉണരുന്നതും ഓരോ രാത്രിയും തളർന്നു വീഴുന്നതും..

തളർച്ച

തിരക്കിട്ടോടിയ ഓരോ ദിവസങ്ങൾക്കൊടുവിലും നിന്റെയോർമകളിലേക്കെത്തുമ്പോഴാണ് ഞാൻ ശരിക്കും തളർന്നു പോവുന്നത്..

നമ്മൾ

നമ്മളാവുമ്പോൾ മാത്രം പൂർണതയിൽ എത്തുന്ന നീയും ഞാനും.. ❤

വറ്റാത്ത മഴ

നമ്മളും മഴയും...

നിന്നെ തഴുകിയെന്നിൽ വീണ ആ മഴത്തുള്ളികളിന്നും വറ്റാതെ കിടപ്പുണ്ട്...

ചിന്തകൾ

കയറാൻ കാടില്ലാതലയുന്ന ചിന്തകൾ..

കാട് കയറി ചിന്തിക്കുന്നതായിരുന്നല്ലോ പ്രധാന പ്രശ്നം.,

ഇപ്പൊ കയറാൻ കാടില്ലാതാവുന്നതോണ്ട് ആ പ്രശ്നത്തിനൊരു  പരിഹാരമാവുന്നുണ്ട്..

വഴിയാത്രക്കാർ

ബസ്സിൽ സൈഡ് സീറ്റിലൊക്കെയിരുന്ന് പാട്ടൊക്കെ കേട്ട് പോവുന്നതിന്റെയിടേൽ ചില വഴിയാത്രക്കാരുടെ മുഖങ്ങളൊക്കെ വെറുതെയങ്ങനെ ഉള്ളിലോട്ട് കയറും, ഒന്നും കൂടി നോക്കാന്ന് വെച്ച് തിരിഞ്ഞു നോക്കുമ്പോഴേക്കും അത് അപ്രത്യക്ഷമായിണ്ടാവും. അതുപോലൊക്കെ തന്നെയാണ് ചില ബന്ധങ്ങളും, ഒന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും ദൂരേക്ക് വഴിമാറി സഞ്ചരിച്ചിട്ടുണ്ടാവും. ചിലരൊക്കെ നമുക്കെത്താൻ പറ്റാത്ത തുരുത്ത് വരെ..

ശൂന്യത

പെണ്ണേ,
നീ തന്നുപോയൊരു ശൂന്യതയുണ്ട്.
വാക്കുകൾ കൊണ്ടവിടം നിറക്കാൻ നോക്കയാണു ഞാൻ.
വെറുതെയാണെന്നറിയാമെങ്കിലും കൈകൾ തളർന്നു വീഴും വരെ ഇനിയുമിനിയുമെഴുതട്ടെ ഞാൻ.

Monday, 16 October 2017

മുറ്റത്തെ മണമുള്ള മുല്ലകൾ...



ഉറക്കമില്ലാത്ത ഊട്ടി റോഡിനരികു ചേർന്നൊരു വീടുണ്ടായിരുന്നു. മുറ്റവും തൊടിയും നിറയെ മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞ വീട്. മാവും പ്ലാവും, പുളിയും തേക്കും, വാഴയും പപ്പായയും, പിന്നെ മുരിങ്ങയും മഞ്ഞളും, ചേമ്പും ചേനയും  കണ്ടാലെരിയുന്ന കാന്താരിയും പിന്നെയും കുറെ പൂക്കളും ചെടികളുമൊക്കെ ഉണ്ടായിരുന്നു അവിടം. പക്ഷെ ഇത് അവരുടെയൊന്നും കഥയല്ല., മുറ്റത്തു വടക്കേ ഭാഗത്ത് തണൽപ്പന്തൽ വിരിച്ച ഉങ്ങും അവനെ ചുറ്റി വരിഞ്ഞു പടർന്ന മുല്ലവള്ളിയുടെയും കഥയാണ്.

പ്രണയം മൗനമാവുന്ന രാത്രികളിൽ,  ഇരുട്ട് പുതച്ചുറക്കിയ മറ്റാരും അറിയാതെ അവൾ ചെറുപുഞ്ചിരിയുമായി  അവനിൽ പൂക്കും. അരണ്ട മഞ്ഞവെളിച്ചം തീർത്ത നിഴലുകൾ മറയാക്കി ആ രാത്രികളവർ പ്രണയഭരിതമാക്കി. ഒരു രാത്രിയോ അതിൽ കുറവോ ദൈർഖ്യം മാത്രം നീണ്ടു നിൽക്കുന്ന സ്നേഹസംഗമം. അപ്പോഴേക്കും എവിടെനിന്നോ  പറന്നെത്തുന്ന കാറ്റവളുടെ ഞെട്ടറുത്തു താഴേക്ക് തള്ളിയിടും. പാതി ഗന്ധവുമെടുത്തവൻ ദൂരേക്ക് മായും. വിരഹമുള്ളിലൊളിപ്പിച്ചവൾ അപ്പോഴും താഴെ ചിരിച്ചു കൊണ്ടേയിരിക്കും.

പാതി തുറന്ന കണ്ണുകളും ബാക്ക്ഗ്രൗണ്ടിൽ റേഡിയോ വാർത്തയുമായി എണീറ്റു വന്നിരുന്ന  രാവിലേകളിലെ മറ്റൊരു പതിവുകാഴ്ചയായിരുന്നു  മുറ്റത്തു പൂപെറുക്കുന്ന പെൺകുട്ടികൾ.  മിക്കവരും ട്യൂഷനോ അല്ലെങ്കിൽ മദ്രസയിലോട്ടോ പോവുന്നവർ ആയിരിക്കും. ഏതെങ്കിലും വിശേഷദിവസങ്ങളുടെ തലേന്ന് വൈകുന്നേരം ചില പെൺകുട്ടികൾ വന്ന് മൊട്ടറുക്കാൻ അമ്മയോട് അനുവാദം ചോദിച്ചിരുന്നു. സന്തോഷം പൊടുവണ്ണിയുടെ ഇലയിലോ അല്ലേൽ പ്ലാസ്റ്റിക് കവറിലോ ആക്കി അവർ മടങ്ങിയോടുമ്പോൾ അമ്മയുടെ മനസ്സും ചിരിച്ചിരിക്കാം. തിരക്കിട്ട കളിക്കിടയിൽ അന്നത് ശ്രദ്ധിച്ചിരുന്നില്ല. പെൺകുട്ടികളിൽ ഇത്രയേറെ  കൗതുകവും ഇഷ്ടവും പരത്തുന്ന പൂവായിട്ട് കൂടി അന്നൊന്നും ഒരു കൂട്ടുകാരിക്കും പൂവുകളുറുത്തു  സമ്മാനിക്കാൻ തോന്നാഞ്ഞതെന്തെന്ന് എനിക്കിപ്പോഴും പിടികിട്ടുന്നില്ല.

ആ രാത്രികൾക്കൊക്കെ മുല്ലയുടെ മണമായിരുന്നു. നൂറു വോൾട്ടിന്റെ മഞ്ഞ വെളിച്ചം പരന്ന ആ മുറ്റത്തിരുന്ന് വായിക്കാൻ ഇഷ്ടമായിരുന്നെങ്കിലും വൈകീട്ട് നാമം ജപിച്ചു കഴിഞ്ഞാൽ പിന്നെ മുറ്റത്തേക്കിറങ്ങാൻ വിലക്കായിരുന്നു. മുല്ല പൂക്കുന്ന സമയമാണ്, പാമ്പുകൾ വരുമെന്ന് പറഞ്ഞ് പേടിപ്പിക്കാൻ അച്ഛനും അമ്മയും ഇടക്കിടക്ക് ഓർത്തിരുന്നു.( ആ പേടി ഇപ്പോഴുമുണ്ട്) അത് പക്ഷെ സത്യമായിരുന്നെന്ന് മൂന്നാലു പ്രാവശ്യം കണ്ണുകൾ മനസ്സിലാക്കി തന്നതാണ്. പകുതി പോലും പണി തീരാത്ത ആ കരിങ്കൽ മതിലിനുള്ളിലേക്ക് ഓടി മറയാൻ അവക്കും എളുപ്പമായിരുന്നു. സിനിമയിലൊക്കെ കണ്ടുശീലിച്ച മുല്ലപ്പൂ വിതറിയ ആദ്യരാത്രി രംഗങ്ങൾ കണ്ടിട്ടാണാവോ അവരും മധുവിധു ആഘോഷിക്കാൻ മുല്ലപ്പൂ തേടിയിറങ്ങുന്നത്.

പിന്നീടെപ്പോഴോ ആ മുല്ലവള്ളികൾക്കു നാശം സംഭവിച്ചിരുന്നു. അതെങ്ങനെയാണെന്നോ എപ്പോഴാണെന്നോ ഓർത്തെടുക്കാൻ കഴിയാത്തത് വേറൊന്നും കൊണ്ടല്ല, ഇന്നീ ഓർമകൾക്ക് സുഗന്ധം പകരാൻ ആ പൂക്കൾക്ക് കഴിയുമെന്ന തിരിച്ചറിവ് അന്നില്ലാതെ പോയതിനാലാണ്.

കാലം വീണ്ടും ഒരുപാടോടി, സമ്മാനിക്കാൻ മുല്ലകളില്ലാഞ്ഞിട്ടു കൂടി രാത്രിയെ തേടി പകലുകൾ വന്നുകൊണ്ടേയിരുന്നു. കടുത്ത ഏകാന്തതയിലും ഉങ്ങ് തണൽ വിരിക്കാൻ മറന്നതേയില്ല.  ആ മണ്ണും വീടും തണലുകളുപേക്ഷിച്  ഒരിക്കൽ ഞങ്ങളുമിറങ്ങി. പകരമവിടെ തണലുകൾ വേണ്ടാത്ത കോൺക്രീറ്റ് തൂണുകൾ പൊങ്ങി.


പുതിയ മണ്ണും വീടും ഞങ്ങളും കൂടെ കൂടീട്ട് വര്ഷം നാലാവുന്നു. തണലുകൾ വിരിക്കാൻ അമ്മയുടെ കൈകളിലൂടെ ആ മണ്ണിലും ഒരുപാട് വിത്തുകളിറങ്ങി. ഇപ്പൊ അവിടെ ചെറിയ മാവും പ്ലാവുമുണ്ടായി, തെങ്ങും വാഴയുമുണ്ടായി, മുളകും മുരിങ്ങയും, വഴുതനയും  തക്കാളിയുമൊക്കെയുണ്ടായി. ഇനിയൊരു ഉങ്ങും അതിനെ ചുറ്റിയൊരു മുല്ലവള്ളിയും കൂടി വേണം. 'അമ്മ മറന്നതാണാവോ, അതോ മനസ്സിലിപ്പോഴും ആ തണലും സുഗന്ധവും അതുപോലെ പരന്നു കിടക്കുന്നതുകൊണ്ടാണാവോ??

വില്ലൻ

അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...