Tuesday, 30 April 2019

അവിടങ്ങളിലിപ്പൊ പൂക്കൾ വിരിയാറില്ലെന്നാണ് കേട്ടത്.
അത് സത്യമാണോയെന്ന് ചെന്ന് നോക്കാനോ, അല്ലെങ്കിൽ  ആരോടെങ്കിലുമൊന്ന് ചോദിച്ച് ഉറപ്പുവരുത്താനോ ശ്രമിച്ചില്ല.
ധൈര്യപ്പെട്ടില്ലെന്ന് വേണം പറയാൻ !

ഒരിക്കലേ അവിടുന്നൊരു പൂ പറിച്ചിട്ടൊള്ളൂ, അതിങ്ങനെയാണ്.
നേരം വൈകി ക്ലാസ്സിൽ കയറുന്ന കുട്ടിയിൽ നിന്നും കോളേജിലാദ്യമെത്തുന്ന  കുട്ടികളിലൊരു കുട്ടിയായി പരിണാമം സംഭവിച്ചുകൊണ്ടിരുന്ന ആദ്യദിവസങ്ങളിലൊരു ശുഭമുഹൂർത്തത്തിലാണത് സംഭവിച്ചത്.
(24 മണിക്കൂറും ശുഭമുഹൂർത്തമായിരുന്ന ഒരു പ്രത്യേക കാലഘട്ടമായിരുന്നു അതെന്നത് വേറെ സത്യം)

അങ്ങനെ, ആ വലതുകൈ എന്റെ ഇടതിൽ ചേർത്ത് ഇടതുവശം നീളെ നടന്നിരുന്ന പതിവിൽ നിന്നും മാറി, അന്നെന്തോ ഇടതുകൈയ്യാണെന്റെ  വലതിൽ ചേർന്നിരുന്നത്. അന്നുവരെ ഞാൻ വെറുതെ നോക്കി പോയിരുന്ന ആ പൂക്കളന്നെന്റെ ഇടതുവശം ചേർന്നടുത്തപ്പോൾ ഞാനതിൽ നിന്നൊന്ന് പറിച്ചെടുത്ത് കയ്യിലൊളിപ്പിച്ചു. ക്ലീഷേകൾക്കെല്ലാം  പുതുമ തോന്നിയിരുന്ന സമയങ്ങളായിരുന്നു അന്ന്. 
അങ്ങനൊരു പുതുമയും പ്രണയവും നിറച്ച് പെട്ടെന്ന് കൈ തുറന്ന്
 "ന്നാ ന്റെ വകയൊരു ചെറിയ ഗിഫ്റ്റെന്നും" പറഞ്ഞ് ഫുൾ വോൾട്ടേജ് ചിരിയും ഈ പൂവും സമ്മാനിക്കയുണ്ടായി.

ഇത്രയും ദിവസങ്ങളിൽ നിനക്ക് തോന്നാത്തത് എനിക്ക് തോന്നിയല്ലോയെന്ന് തെല്ലഹങ്കാരത്തോടെയും, ഇത് കാണുമ്പോഴാ പുഞ്ചിരിമുഖമൊന്നുകൂടി വിടരുമല്ലോയെന്നും കരുതിയയെന്റെ ധാരണകളെ തിരുത്തി ആ വിടർന്ന കണ്ണുകളിൽ ചെറിയ നനവ് പടരുന്നത് ഞാൻ കണ്ടു.

പിന്നീടൊന്നും പറയാൻ കിട്ടിയില്ല.
പറിച്ചെടുത്ത പൂവിനി എന്തു ചെയ്യുമെന്നറിയാതെ നോക്കുമ്പോൾ ഉള്ളംകൈയ്യിലെ വിയർപ്പിലതൊരു ശവം പോലെ കിടന്നു.  ഒരു കൊലപാതകിയെ പോലെ ഞാനാകെ പരുങ്ങി. ഇനി കാണാതെ പതുക്കെ വഴിയിലുപേക്ഷിക്കാമെന്ന തീരുമാനത്തിലെത്താതെ വേറെ വഴിയുണ്ടായില്ല. 
പിന്നീടവിടുന്നെന്നല്ല എവിടുന്നും ഒരു പൂ പറിക്കാൻ ഞാൻ ധൈര്യപ്പെട്ടിട്ടില്ല.


കാലം ഒരുപാടൊന്നും പോയിട്ടില്ലെങ്കിലും മണ്ണും മനസ്സുമെല്ലാം ഒരുപാടൊരുപാട് മാറ്റങ്ങളേറ്റ് വാങ്ങേണ്ടിവന്നു. അതുകൊണ്ടൊക്കെയായിരിക്കാം  അവിടങ്ങളിലിപ്പൊ പൂക്കളൊന്നും വിരിയാത്തത്.

No comments:

Post a Comment

വില്ലൻ

അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...